തിരുവനന്തപുരം: കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയിൽ ഗെയിം വ്യാപിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ബ്ലൂവെയിൽ ഗെയിമിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. സോഷ്യല്‍ മീഡിയകളിലൂടെ ബ്ലൂവെയിൽ ഗെയിം ലഭ്യമാവുന്നതു തടയാന്‍ കേന്ദ്ര ഐ.ടി. വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.  കേന്ദ്ര സര്‍ക്കാരിന്‍റെ  അനുകൂല പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.


തിരുവനന്തപുരത്ത് പതിനാറുകാരനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടത് ബ്ലൂവെയിൽ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂവെയിൽ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.  


ബ്ലൂവെയിൽ ഗെയിം കളിക്കാനാരംഭിച്ചതോടെ മനോജിന്‍റെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ടിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.  ആത്മഹത്യയ്ക്കു മുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്‍റെ പക്കലാണ്. സൈബര്‍ പൊലീസ് ഇപ്പോള്‍ ഫോണ്‍ പരിശോധിച്ചുവരികയാണ്‌. 


എന്നാല്‍ തിരുവനന്തപുരത്തെ ബ്ലൂവെയിൽ ആത്മഹത്യയില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മനോജിന്‍റെ മരണത്തില്‍ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാന്‍ ‌ചീഫ് സെക്രട്ടറിക്കും ആഭ്യന്തര, ഐ.ടി സെക്രട്ടറിമാര്‍ക്കും കമ്മീഷൻ നിർദേശം നല്‍കി.