തിരുവനന്തപുരം: ഭാരതത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് വർഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തൽ ചരിത്രബോധമില്ലായ്മയിൽ നിന്ന് ഉണ്ടായതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാറല്‍ മാര്‍ക്‌സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാന്‍ എന്നാണെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം. വിജയൻ എന്നത് അർജ്ജുനന്‍റെ പേരാണെങ്കിലും കേള്‍ക്കുമ്പോൾ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. രാജ്യത്തിന്‍റെ പേര് മാറ്റുന്നതിലും എളുപ്പം സ്വന്തം പേര് മാറ്റുന്നതാണല്ലോ എന്നും കുമ്മനം അഭിപ്രായപ്പെട്ടു.



തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. ഹിന്ദുസ്ഥാന്‍ എന്ന പേരു പോലും വര്‍ഗീയമാണെന്ന പിണറായിയുടെ പ്രസ്താവന പതിനായിരക്കണക്കിന് വരുന്ന സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണ്. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ഹൃദയത്തുടിപ്പായി ഏറ്റുവാങ്ങി മാതൃഭൂമിക്ക് വേണ്ടി ജീവിതം ഹോമിച്ചവരെ അവഹേളിച്ച പിണറായി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.