COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ശശി തരൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.


പ്രധാനമന്ത്രിയേയും സംഘപരിവാരങ്ങളെയും നിശിതമായി വിമര്‍ശിച്ചതിന്‍റെ പേരിലാണ് രാഷ്ട്രീയ ഇടപെടല്‍ നടന്നിരിക്കുന്നതെന്ന് വ്യക്തമാണെന്നും, മാത്രമല്ല, ഫാസിസ്റ്റുകള്‍ മാത്രമേ ഇങ്ങനെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


കൂടാതെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നിരവധി ബുദ്ധിജീവികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും ജീവന്‍ തന്നെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും, തരൂരിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇത്തരം വില കുറഞ്ഞ നാടകങ്ങളെല്ലാം തന്നെ ജനം പാടെ തള്ളിക്കളയുമെന്നും, സംശുദ്ധ രാഷ്ട്രീയം കൈമുതലായുള്ള ശശി തരൂരിന് ജനഹൃദയങ്ങളില്‍ വലിയ സ്ഥാനമുണ്ടെന്നും ഹസന്‍ വ്യക്തമാക്കി.


ജാമ്യമില്ലാവകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 10വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ഇവ. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.