തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജ്ഭവനിലെ അടച്ചിട്ട മുറിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയത്.


Also read: പൗരത്വ ഭേദഗതി നിയമം; സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍


ഇരുപത് മിനിട്ടോളം ചര്‍ച്ച നീണ്ടുനിന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ വാക്കാലുള്ള മറുപടിയാണ്‌ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക്‌ നല്‍കിയതെന്നാണ് സൂചന. ഗവര്‍ണറെ മന:പൂര്‍വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


സുപ്രീം കോടതിയെ സമീപിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്‍റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണറെ അവഗണിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറോട് വ്യക്തമാക്കി.


പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് സര്‍ക്കാരെന്നും അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിന് വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും.  ഇതിന് മുന്‍പും ഇത്തരം നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും അന്നൊന്നും ഗവര്‍ണറെ അറിയിച്ചിരുന്നില്ലയെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.


ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ തൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്.