തിരുവനന്തപുരം: ആരോഗ്യകേരളം ശുചിത്വവും ആരോഗ്യബോധവല്‍ക്കരണവും വഴി പടിക്കുപുറത്താക്കിയ കോളറ വീണ്ടും കേരളത്തില്‍. സംസ്ഥാനത്തെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് കോളറ കണ്ടെത്തിയത് ആരോഗ്യവകുപ്പ് വളരെ ഗൗരവമേറിയ ഒന്നായിത്തന്നെയാണ് കാണുന്നത്. ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.


ഇതര സംസ്ഥാന തൊഴിലാളികളില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പരിശോധന നടത്തണമെന്നും ജലശുദ്ധീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.


പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്നു പ്രവേശിപ്പിക്കപ്പെട്ട ബംഗാൾ സ്വദേശിയുടെ മരണം കോളറ മൂലമാണെന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 24നാണു ബംഗാളിലെ കുച്ച് ബിഹാർ സ്വദേശി പതിനെട്ടുകാരനായ ബിശ്വജിത് ദാസ് മരിച്ചത്. നിർമാണത്തൊഴിലാളിയായ ബിശ്വജിത് ദാസ് വള്ളിക്കോട് ആയിരുന്നു താമസിച്ചിരുന്നത്. മരണം കോളറ മൂലമാണെന്നു സ്ഥിരീകരിക്കുന്നതിനു മുന്‍പു തന്നെ വള്ളിക്കോട്ടെത്തി വയറിളക്ക രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തതതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരുന്നു.


കോഴിക്കോട് ജില്ലയിലെ കോളറ ബാധയെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. കോഴിക്കോടിന്‍റെ സമീപജില്ലയെന്ന നിലയില്‍ മലപ്പുറത്തും ഇവര്‍ പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജിലെ വിദഗ്ധരുമായി ചര്‍ച്ച നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 


പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലായി ഇക്കൊല്ലം ഇതുവരെ മൂന്നു പേര്‍ക്കാണു കോളറ സ്ഥിരീകരിച്ചത്. പത്തനംതിട്ട വള്ളിക്കോട്ടും കോഴിക്കോട്ടു മാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ ബാധ സ്ഥിരീകരിച്ചത്. മാവൂരില്‍ 12 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവിടെ കിണര്‍ വെള്ളത്തില്‍ കോളറ പരത്തുന്ന വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കിണര്‍ അടച്ചു മുദ്രവയ്ക്കാന്‍ നിര്‍ദേശിച്ചു. അഞ്ചു കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്.


മലപ്പുറം ജില്ലയിലെ കുറ്റിപ്പുത്ത് നാലു കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അവയില്‍ മൂന്നെണ്ണം ഹോട്ടലുകള്‍ ഉപയോഗിക്കുന്നതാണ്. നാലു കിണറുകളും അടച്ചു മുദ്രവയ്ക്കണമെന്നു കളക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ താമസത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്നാണ് കോളറ പടര്‍ന്നത് എന്നാണ് നിഗമനം. 


പത്തനംതിട്ടയില്‍ കോളറ ബാധിച്ച് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയ്‌ക്കൊപ്പം താമസിച്ചിരുന്ന മൂന്നുപേര്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ജോലിക്കെത്തിയിരുന്നു. ഇവരെ തിരിച്ചറിയുകയും പ്രതിരോധ മരുന്ന് നല്‍കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 


മറ്റു ജില്ലകളില്‍ ഈ വര്‍ഷം ഇതുവരെ കോളറയോ മരണമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. എല്ലായിടത്തും രോഗപ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോളറയല്ലെങ്കിലും വയറിളക്കം ബാധിച്ച് ഈ വര്‍ഷം സംസ്ഥാനത്തു നാലു പേരാണു മരിച്ചത്. 98000 പേര്‍ക്ക് രോഗം ബാധിച്ചു.