തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ക്ഷേമപെൻഷൻ വിതരണത്തിന് 1544 കോടി രൂപ അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവിറങ്ങി. മൂന്നു മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ആകെ 51 ലക്ഷം പേർക്ക് പെൻഷനുകൾ ലഭിക്കും. ഇന്ന് മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന്  ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളത്തിനും പെൻഷനും പുറമെയാണ് ഈ തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക് അക്കൌണ്ടു വഴിയോ സഹകരണസംഘങ്ങൾ വഴി നേരിട്ടോ ആണ് പെൻഷൻ തുക വിതരണം ചെയ്യുക. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിന് 1361 കോടിയും ക്ഷേമനിധി പെൻഷൻ വിതരണത്തിന് 183 കോടി രൂപയുമാണ് അനുവദിച്ചത്.


പെൻഷൻ തുക വീടുകളിൽ നേരിട്ടു വിതരണം ചെയ്യുന്നതിനും ബാങ്ക് അക്കൌണ്ടു വഴി വിതരണം ചെയ്യുന്നതിനും ആവശ്യമായ തുക ബന്ധപ്പെട്ട പിൻവലിച്ച് വിതരണം ചെയ്യാൻ പഞ്ചായത്ത് ഡയറക്ടറെ ഉത്തരവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആധികാരിക രേഖകളില്ലാത്തതിനാൽ പെൻഷൻ ലഭിക്കാതിരുന്നവർക്ക് രേഖകൾ സമർപ്പിക്കുന്നതിന് നവംബർ മാസത്തിൽ അവസരം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി അറുപത്തയ്യായിരം പേരാണ് ശരിയായ രേഖകൾ സമർപ്പിച്ചത്. അവർക്കും പെൻഷൻ തുക ലഭിക്കും.


ഉത്സവകാലമാണെന്നത് മുന്‍നിര്‍ത്തി ശമ്പളമോ പെൻഷനോ ഒന്നും മാറ്റിവെയ്ക്കാനോ കുറയ്ക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന്  തോമസ് ഐസക് വ്യകതമാക്കി. കൃത്യമായി കൊടുക്കാന്‍ തന്നെയാണ് തീരുമാനം. അതും ഇടതുപക്ഷ സര്‍ക്കാരിന്‍റെ രാഷ്ട്രീയ മുന്‍ഗണനയുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.


സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കും. അതിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ തടസമാകില്ല. ആരോഗ്യ, വിദ്യാഭ്യാസ നേട്ടങ്ങളെ ശക്തിപ്പെടുത്തി ആധുനികമാക്കുന്നതിനുള്ള നിലപാടില്‍ നിന്ന് നമുക്കു പിന്നോട്ടു പോകാനാവില്ല. അതോടൊപ്പം പരമ്പരാഗത മേഖലകള്‍ക്ക് പുനരുജ്ജീവനത്തിനുള്ള പരിപാടിയുമുണ്ടാകും. ഈ നയത്തിന് ബജറ്റിനകത്തും ബജറ്റിനു പുറത്തും ധനപിന്തുണയുണ്ടാകും. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ധനനയമെന്നും തോമസ്‌ ഐസക് പറഞ്ഞു.