തിരുവനന്തപുരം: ബിജെപിയുടെ ഭീഷണി നേരിടുന്ന ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്ന് സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.


'ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല. മതനിരപേക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കും. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിന്‍റെ പൂര്‍ണ അദ്ദേഹത്തിനുണ്ട്. ആ പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പാക്കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്,' മുഖ്യമന്ത്രി പറഞ്ഞു.


ബി. ഗോപാലകൃഷ്ണന്‍റെ പരാമര്‍ശത്തിനെതിരെ അടൂര്‍ സ്വീകരിച്ച നിലപാട് ധീരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ ആക്രമണമാണ് നടക്കുന്നത്. ബിജെപി ഉന്നത നേതൃത്വം പോലും ബി. ഗോപാലകൃഷ്ണന്‍റെ പരാമര്‍ശത്തെ പിന്തുണക്കുകയാണ് ചെയ്തതെന്ന് കുമ്മനം രാജശേഖരന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു. ഒരാള്‍ ഒരു വിവരക്കേട് പറഞ്ഞെന്ന് കരുതി അതിനെ ന്യായീകരിക്കുകയും പിന്തുണക്കുകയുമാണ് മറ്റ് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ചെയ്തതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 


രാജ്യത്ത് മതേതരത്വം അപകടത്തിലാണെന്നും രാജ്യത്തിന്‍റെ വൈവിധ്യം സംരക്ഷിക്കണമെന്നും ജയ് ശ്രീറാം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ 49 പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഖേദവും പ്രതിഷേധവും അവര്‍ കത്തിലൂടെ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്‍റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ കത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പിട്ടിരുന്നു. 


ഇതാണ് ഒരുപറ്റം ബിജെപി സംഘപരിവാര്‍ നേതാക്കളെ പ്രകോപിപ്പിച്ചത്. ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണനായിരുന്നു അടൂരിനെതിരെ ആദ്യം രംഗത്തെത്തിയത്. വളരെ രൂക്ഷമായ ഭാഷയില്‍ ബി. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ അടൂരിനെ പുശ്ചിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. 


"ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ മോദിയ്ക്ക് വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്‍റെ വീടിന്‍റെ മുന്നിലും വിളിക്കുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 


ബിജെപി നേതാക്കളുടെ ഭീഷണിയ്ക്ക് പിന്നാലെയാണ് അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്.