ന്യൂഡല്‍ഹി: പാലക്കാട്ടെ പ്ലാച്ചിമടയില്‍ പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയില്ലെന്ന് കൊക്കകോള കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. സുപ്രിം കോടതിയിലാണ് കമ്പനി അവരുടെ നിലപാടറിയിച്ചത്. എന്നാല്‍, കമ്പനിയുടെ അനുമതി റദ്ദാക്കിയ പഞ്ചായത്തിന്‍റെ നടപടി കോടതിയില്‍ കമ്പനി ചോദ്യം ചെയ്തില്ല. ഇതോടെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിന്‍റെ പ്രസക്തി ഇല്ലാതായി.


പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ച 17 കർശന വ്യവസ്ഥകൾ കേട്ടുകേൾവിയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പെരുമാട്ടി പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്. കമ്പനിക്ക് പ്രവർത്തിക്കാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ ഇനി പദ്ധതിയുമായി മുന്നോട്ടില്ലെന്ന് കമ്പ്നിയുടെ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.