തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രസംസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ്‌ നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഈ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അബ്ദുള്ളക്കുട്ടി അച്ചടക്കലംഘനം നടത്തിയെന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിച്ചുവെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം. 


പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എ പി അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. 


മോദിയുടെ ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്നും, ഈ തിരഞ്ഞെടുപ്പിലെ വിജയം മോദിയുടെ വികസന അജണ്ടയ്ക്കുള്ള അംഗീകാരമാണെന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. 


മോദിയെ ജനപ്രിയനാക്കിയതിന്‍റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരനായ മോദി തന്‍റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ് എന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.


ഇതിന് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി അബ്ദുള്ളക്കുട്ടിയോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വിശദീകരണം നല്‍കിയില്ലെന്ന് മാത്രമല്ല പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞു.