തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി.മോഹന്‍രാജുമാണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍. എറണാകുളത്ത് ടി.ജെ വിനോദിനെയും വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാറിനെയുമാണ് തീരുമാനിച്ചിരിക്കുന്നത്.


മഞ്ചേശ്വരത്ത് എംസി ഖമറുദ്ദീനെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടിക ഇന്നലെത്തന്നെ കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറി. 


കോന്നി എ ഗ്രൂപ്പ്‌ എടുത്തപ്പോള്‍ അരൂര്‍ ഐ ഗ്രൂപ്പ്‌ എടുത്തു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിനെ അവസാന നിമിഷം വരെ പരിഗണിച്ചിരുന്നുവെങ്കിലും മത്സരിക്കാനില്ലെന്ന ലിജുവിന്‍റെ ഉറച്ച നിലപാടുകള്‍ക്കൊടുവിലാണ് ഷാനിമോള്‍ക്ക് അവസരം ലഭിച്ചത്.


കോന്നിയില്‍ അടൂര്‍ പ്രകാശിന്‍റെ എതിര്‍പ്പ് മറികടന്നാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ പി.മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. തീരുമാനത്തിന് പിന്നില്‍ എന്‍എസ്എസ് നിലപാടാണ്‌.


മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ബെന്നി ബെഹന്നാനും ചേര്‍ന്ന്‍ കെപിസിസിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണ ഉണ്ടായത്.