തിരുവനന്തപുരം :  നോട്ട്​ പിൻവലിച്ചതിനെ തുടർന്ന്​ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി നേരിട്ട് അറിയിക്കാന്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാനുള്ള സര്‍വ്വകക്ഷി സംഘത്തിന്‍റെ നീക്കത്തിന് തിരിച്ചടി. പ്രധാനമന്ത്രിയുടെ ഓഫിസ്​ സർവകക്ഷി സംഘത്തി​ന്​ കാണാനുള്ള അനുമതി നൽകിയില്ലെന്ന്​ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ സര്‍വകക്ഷി സംഘം യാത്ര റദ്ദാക്കി. രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രിയുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. സംസ്ഥാനത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്. സംഭവത്തില്‍ കേരളത്തിന്‍റെ പ്രതിഷേധം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ധനമന്ത്രിയെ കാണാനായി മാത്രം ഡല്‍ഹിക്കു പോകുന്നില്ല.  കേരളത്തിൽ നിന്നും പോയവർ സർവകക്ഷി സംഘത്തെ കാണരുതെന്ന്​ പറഞ്ഞിട്ടുണ്ടാവുമെന്നും അതി​ന്‍റെ തുടർച്ചയായിട്ടാവാം കാണാൻ അനുമതി നിഷേധിച്ചതെന്നും ബി.ജെ.പി സംഘത്തി​ന്‍റെ ഡൽഹി സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്​ പിണറായി മറുപടി നൽകി.


സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നോട്ട്​ പിൻവലിച്ചതിനെ തുടർന്നുണ്ടായ സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിയമസഭ പ്രമേയം പാസാക്കിയിരുന്നു.