ഏഷ്യന്‍ ഭൂഖണ്ഡത്തെ പിടിച്ചുലയ്ക്കുന്ന ഭൂകമ്പവും കൊടുങ്കാറ്റും സുനാമിയും 2017 അവസാനത്തോടെയുണ്ടാകുമെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ശാസ്ത്രജ്ഞന്‍ എം.ജി മനോജ്. സമുദ്ര-അന്തരീക്ഷ സ്ഥിതിയിൽ ഉണ്ടാവുന്ന മാറ്റം ദ്രുതഗതിയിലായതിനാല്‍ നാല് മാസം മുന്‍പേ ശാസ്ത്രീയമായി ഇത്തരമൊരു പ്രവചനം അസാധ്യമാണെന്ന് മനോജ് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

"മിക്കവാറും എല്ലാ വര്‍ഷവും ഒക്ടോബർ -നവംബർ -ഡിസംബർ മാസങ്ങളിൽ അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ഒരു കൊടുങ്കാറ്റ്‌ ഉണ്ടാവാറുണ്ട്. പ്രവചിച്ചാലും ഇല്ലെങ്കിലും ഒരു കൊടുങ്കാറ്റ്‌ ഉണ്ടാവുമെന്ന് 99 ശതമാനവും ഉറപ്പായി പറയുവാൻ സാധിക്കും. എന്നാൽ, ആ പറയുന്നതിന് പ്രാധാന്യം വരണമെങ്കിൽ ഏതു മാസം, ഏതു ആഴ്ച, ഏതു കടലിൽ എവിടെ ഉണ്ടാവും, എത്ര മാത്രം ശക്തിയിൽ ആഞ്ഞടിക്കും എന്നൊക്കെ കൃത്യമായി പറയണം. ശാസ്ത്രീയമായി, നാല് മാസങ്ങൾക്കു മുൻപ് തന്നെ ഇത്തരത്തിൽ കൃത്യമായി കൊടുങ്കാറ്റിനെ സംബന്ധിച്ച ഒരു പ്രവചനം അസാധ്യമാണ്," മനോജ് ചൂണ്ടിക്കാട്ടി. 


ബി.കെ റിസേര്‍ച്ച് അസോസിയേഷന്‍റെ പേരിലാണ് വ്യാജ അറിയിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇന്ത്യ, ചൈന, ജപ്പാന്‍, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, തായ്ലന്‍ഡ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെക്കുറിച്ചും പേമാരിയെക്കുറിച്ചുമുള്ള മുന്നറിയിപ്പ് എന്ന രീതിയിലാണ് സന്ദേശം. വളരെ വ്യാപകമായി ഇത് ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ഉന്നയിക്കുന്ന വാദഗതികള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് മനോജ് ഉറപ്പിച്ചു പറയുന്നു. കാലാവസ്ഥാ ഗവേഷണരംഗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ കേന്ദ്രമായ കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനാണ് എം.ജി മനോജ്. 


കേരളത്തില്‍ പരമാവധി പ്രതീക്ഷിക്കുന്ന ഭൂകമ്പത്തിന്‍റെ തീവ്രത റിക്‌ടർ സ്കെയിലിൽ 6.5 ആണ്. എന്നാൽ ഈ തീവ്രതയിൽ ഒരു ഭൂകമ്പം കേരളത്തിൽ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. 


കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കാര്യക്ഷമമായ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിനാല്‍ ഇത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മനോജ് ഓര്‍മ്മപ്പെടുത്തി. ഇത് സംബന്ധിച്ച് വിശദമായ കുറിപ്പ് മനോജ് തന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.