തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 30ഓളം ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോക്ടര്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍റെ ഓഫീസ് ശ്രീചിത്ര ആശുപത്രിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.


വി.മുരളീധരന്‍ ശനിയാഴ്ച ആശുപത്രിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിന് മുന്‍പായി കൊറോണ സാഹചര്യം മുരളീധരന്‍റെ ഓഫീസ് ആശുപത്രി അധികൃതരോട് ആരാഞ്ഞിരുന്നു.


എന്നാല്‍, അത്തരം പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും യാത്ര റദ്ദ് ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് ശ്രീചിത്ര അധികൃതര്‍ നല്‍കിയ മറുപടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്.


കൊറോണ സ്ഥിരീകരിച്ച ഡോക്ടറുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പലരും ഈ യോഗത്തില്‍ പങ്കെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിശദീകരണം ആവശ്യപ്പെട്ടത്.


യോഗത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമോ സ്വീകരിക്കാനെത്തിയവര്‍ക്കൊപ്പമോ രോഗബാധിതനായ ഡോക്ടര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്നാണ് മുരളീധരന്‍റെ ഓഫീസ് അന്വേഷിക്കുന്നത്.


കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ഒരു ഡോക്ടര്‍ ശ്രീചിത്ര ആശുപത്രിയിലുണ്ടെന്ന വിവരം അധികൃതര്‍ മറച്ചുവച്ചുവെന്നാണ് കേന്ദ്ര മന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നത്.


അതേസമയം, ഡോക്ടര്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 30ഓളം ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


ഡോക്ടര്‍ ജോലി ചെയ്തിരുന്ന ഡിപ്പാര്‍ട്ട്മെന്‍റിലെ ജീവനക്കാരോടും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാല് ഡോക്ടര്‍മാരോടും നേരത്തെ തന്നെ അവധിയില്‍ പ്രവേശിക്കാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.


സോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹം പരിശോധിച്ച രോഗികളുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ അന്വേഷിച്ചു വരികയാണ്‌.