തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ദുബായ് കുറ്റാന്വേഷണ വിഭാഗമാണ്‌ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുബായിൽ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്ന് ബിനോയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നൽകിയെന്നാണ് ആരോപണം. 


ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂൺ 1ന് മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്ക് പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.


അതേസമയം സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പരസ്യ പ്രതികരണത്തിന് പാർട്ടി തയ്യാറായി. വിഷയത്തിൽ ഊഹാപോഹങ്ങളും പുകമറയും ഒഴിവാക്കണമെന്ന്‍ സിപിഎം സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുക്കുന്ന യോഗമാണ് മറുപടി തയാറാക്കുക. വൈകിട്ടോടെ ഔദ്യോഗിക രാഷ്ട്രീയ വിശദീകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.