തൊടുപുഴ: കാലാവസ്ഥ മോശമായതിനാല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ കട്ടപ്പനയിൽ വൈദ്യുതി മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു.  വയനാട്​ സുൽത്താൻ ബത്തേരിയിൽ ഇറങ്ങുന്ന സംഘം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. തുടർന്ന്​ കോഴിക്കോട്ടേക്ക്​ പോകും. 


4.45 ഓടെ കൊച്ചിയിലേക്ക്​ ​തിരിക്കുന്ന സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആറരയോടെ തിരുവനന്തപുരത്തേക്ക്​ മടങ്ങും. മറ്റിടങ്ങളിൽ ആകാശ നിരീക്ഷണം നടത്തുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​.


ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളി​െല ദുരിത ബാധിത മേഖലകളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നിശ്​ചയിച്ചിരുന്നത്​. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും അനുഗമിക്കുന്നുണ്ട്​.


അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പി​​​​​​​ന്‍റെ പശ്ചാത്തലത്തിൽ വയനാട്​ ആഗസ്റ്റ് 14 വരെയും ഇടുക്കിയിൽ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെയും റെഡ്​ അലെർട്ട്​ പ്രഖ്യാപിച്ചിരിക്കുകയാണ്​.