ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത.


COMMERCIAL BREAK
SCROLL TO CONTINUE READING

51 ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്‍റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു.


അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്‍റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്‍റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. 


ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർപ്പ്. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബഡിച്ച തിരുകർമ്മങ്ങൾ നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസെപാക്യം പ്രാർത്ഥനകൾക്ക് മുഖ്യ നേതൃത്വം നൽകി.


കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ഫാദർ വർഗ്ഗീസ് ചക്കാലക്കൽ ആണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. എറണാകുളം സെന്റ് മേരീസ് ബസേലിക്കയിൽ അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിലിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. 


ഉയിർപ്പിന്‍റെ ശുശ്രൂഷകൾക്കും തിരുകർമ്മങ്ങൾക്കും ശേഷം മാർ ജോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് ഉയിർപ്പ് പെരുന്നാളിന്റെ സന്ദേശം നൽകി. തുടർന്ന് വിശുദ്ധ കുർബാനയും പുലരും വരെ പ്രാർത്ഥന ചടങ്ങുകളും നടന്നു.


ഡല്‍ഹിയിലെ ഗുഡ് ഹാര്‍ട്ട് ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി മലയാളികൾ പങ്കെടുത്തു. ദോഹ ഓർത്ത‍ോക്സ് പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ബസേലിയോസ് പൗലോസ് ദ്വിതിയൻ കാത്തോലിക്കാ ബാവയാണ് നേതൃത്വം നൽകിയത്. 


ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മാനവ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രതീക്ഷയുടെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്ററിന് വർത്തമാനകാലത്ത് കൂടുതൽ പ്രസക്തി ഉണ്ട്. എല്ലാ മലയാളികൾക്കും ഈസ്റ്റർ ആശംസകൾ നേരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ സന്ദേശം.