പാലക്കാട്‌: പാലക്കാട് മഞ്ചക്കണ്ടി വനത്തില്‍ വീണ്ടുമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭവാനിദളം ഗ്രൂപ്പിന്‍റെ തലവന്‍ മണിവാസകനാണ് കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു.  


മേഖലയില്‍ നിന്ന് തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടതായി മഞ്ചക്കണ്ടി ഊരുനിവാസികള്‍ പറഞ്ഞു.


അതിനിടയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകളായിരുന്നു കൊല്ലപ്പെട്ടിരുന്നത്. 


തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തി, സുരേഷ്, കര്‍ണാടക സ്വദേശിയായ ശ്രീമതി എന്നിവരാണു കൊല്ലപ്പെട്ടതെന്നാണ് വിവരം.


തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുകയാണ്. ഇന്നലത്തെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളില്‍ ചിലര്‍ വനത്തിനുള്ളിലേക്ക് ചിതറിയോടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്കുള്ള തിരച്ചിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തുന്നത്.


ഇവരെ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് വീണ്ടും വെടിവെപ്പ് ഉണ്ടായത്. 


കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വിസ്റ്റ് നടത്താന്‍ പോയ സംഘങ്ങളാണ് വനത്തില്‍ നിന്ന് വെടിയൊച്ച കേട്ടത്. മഞ്ചക്കണ്ടി മേഖലയില്‍ മാവോയിസ്റ്റുകള്‍ ഇടയ്ക്കിടയ്ക്ക് വരാറുണ്ടെന്നും അരിയും മറ്റു സാധനങ്ങളും പ്രദേശവാസികളില്‍ നിന്നും വാങ്ങാറുണ്ടെന്നും അറിവു ലഭിച്ചതായിട്ടാണ് സൂചന.