Treasury: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി
ഏപ്രിൽ ഒന്നുമുതൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ ഉത്തരവ്.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് (Treasury) മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഉത്തരവിൽ പുനരാലോചന പാടില്ലെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് മുഖ്യമന്ത്രിക്ക് വിശദീകരണ കുറിപ്പ് നൽകി. ഉത്തരവിനെതിരെ തദ്ദേശവകുപ്പ് രംഗത്തെത്തിയ സാഹചര്യത്തിലാണ് നീക്കം. ഏപ്രിൽ ഒന്നുമുതൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ (Finance Ministry) ഉത്തരവ്.
തദ്ദേശസ്ഥാപനങ്ങൾക്ക് ട്രഷറിയിൽ നിന്ന് ഏതുസമയത്തും പണം പിൻവലിക്കാം. ട്രഷറി നിയന്ത്രണങ്ങൾ ഈ ഫണ്ടിന് ബാധകമാകില്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് എടുത്ത തീരുമാനമാണിതെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ പ്രാദേശികമായി ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കാമെന്ന 2011ലെ തദ്ദേശവകുപ്പ് സർക്കുലർ തിരുത്തിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
ALSO READ: Excise Department: ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിൽ കര്‍ശന നടപടികളുമായി എക്സൈസ് വകുപ്പ്
സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്കിലേക്ക് തനത് ഫണ്ട് മാറ്റണമെന്നാണ് നിർദേശം. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ പുതിയ ട്രഷറി അക്കൗണ്ട് തുടങ്ങണം. വേയ്സ് ആൻറ് മീൻസ് ബാധകമാവില്ലെന്ന് സർക്കുലറിലുണ്ട്. എന്നാൽ ആവശ്യത്തിന് പണം ട്രഷറിയിൽ ബാക്കിയുണ്ടാകുമോയെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ആശങ്കയുണ്ട്.
പല തദ്ദേശ സ്ഥാപനങ്ങളിലും ശമ്പളവും പെൻഷനുമൊക്കെ (Pension) തനതു ഫണ്ടിൽ നിന്നാണ് നൽകുന്നത്. തുടർ നിർദേശങ്ങൾ ധനവകുപ്പ് മാത്രമാകും നൽകുകയെന്നും മറ്റു വകുപ്പുകളുടെ നിർദേശങ്ങൾ പാലിക്കേണ്ടെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് നടപ്പു സാമ്പത്തിക വർഷം നീക്കിവെച്ച പദ്ധതി വിഹിതം 7280 കോടി രൂപയാണ്. സാമ്പത്തിക വർഷം ആറു മാസം പിന്നിടുമ്പോഴും ചെലവഴിച്ചത് 798.74 കോടി രൂപ മാത്രമാണ്.
ധനവകുപ്പ് ഏകപക്ഷീയമായി എടുത്ത തീരുമാനം വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ (Chief Minister) ഓഫീസ് വിശദീകരണം തേടിയത്. തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് അടുത്ത സാമ്പത്തിക വർഷം മുതൽ ബാങ്കിൽ നിന്ന് ട്രഷറിയിലേക്ക് മാറ്റണമെന്ന് സർക്കുലർ ഇറക്കിയ സാഹചര്യം വിശദീകരിച്ച് ധനവകുപ്പ് കുറിപ്പ് നൽകിയത്.
ധനവകുപ്പ് നൽകിയ വിശദീകരണ കുറിപ്പ്: പ്രാദേശിക സർക്കാരുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന വികസന ഫണ്ട്, സംരക്ഷണ ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവ ട്രഷറി വഴിയാണ് മാറിയെടുക്കുന്നത്. ഇതിൽ പൊതുഫണ്ട് തനതു ഫണ്ടിന് തുല്യമായാണ് കണക്കാക്കുന്നത്. ഈ തുക സൂക്ഷിക്കുന്ന ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിന് വെയ്സ് ആൻഡ് മീൻസ് നിയന്ത്രണം ബാധകമല്ല. ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. അതിനാൽ തനത് ഫണ്ടും ട്രഷറി സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നതായിരിക്കും ഉചിതം.
ALSO READ: Vizhinjam Port : വിഴിഞ്ഞം തുറമുഖം 2023ൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
ചെലവഴിക്കാതെ കിടക്കുന്ന തുക ട്രഷറിയിൽ ബാലൻസാകും. സംസ്ഥാന സർക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോൾ തീരുമാനം കൂടുതൽ അഭികാമ്യമായിരിക്കും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ഏപ്രിൽ 17ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ഈ തുക ട്രഷറിയിൽ നിക്ഷേ പിക്കാൻ തീരുമാനം എടുത്തത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ആ തീരുമാനം തൽക്കാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...