കൊല്ലം: കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസണെ വെടിവെച്ചുകൊന്ന സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം പാലരുവിയിൽനിന്നാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ തെൻമല പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.


പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയവർക്ക് സഹായം ചെയ്തു നൽകിയവരാണ് ഇവർ. ഇവരെ തമിഴ്നാട്ടിലെത്തിച്ചിട്ടുണ്ട്. അവിടുത്തെ ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പടെ കസ്റ്റഡിയിലായവരെ ചോദ്യം ചെയ്യും.


അക്രമത്തിന് നേതൃത്വം നൽകിയവരും കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ജനുവരി ഒന്ന്  രാത്രിയാണ് ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചു കൊന്നത്. 


തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്‍റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു.


തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ച പോലീസ് പ്രതികളായ തൗഫീക്കും ഷെമീമും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയിരുന്നു.


പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യുബ്രാഞ്ച് ഇതിന് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്‍റെ പ്രതികാരമാകാം കൊലപാതമെന്നാണ് നിഗമനം.