കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധാത്മകമായ സമീപനം തുടരുന്നതിനാലാണ് പൊലീസ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. കൂടാതെ നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.


അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാകും നടപടിയുണ്ടാവുക. ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫാ. ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ കന്യാസ്ത്രീകള്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. സംഭവത്തിനെതിരെ എര്‍ത്തയിലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 


പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതിനു മുന്‍പായി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പോലീസ്. കഴിഞ്ഞ ദിവസം, കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച്‌ ബിഷപ്പിന്‍റെ ലൈംഗിക ക്ഷമതാ പരിശോധന നടത്തിയിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചിരുന്നു.