പാലാ: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് ഒരു വിശിഷ്ടാതിഥി. പാലാ രൂപത സഹായ മെത്രാനാണ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 സഹായ മെത്രാന്‍ ജേക്കബ് മുരിക്കനൊപ്പ൦ ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേലും പാലാ സബ് ജയിലില്‍ എത്തിയിരുന്നു. ഇരുവരും 15 മിനിറ്റോളം ജയിലില്‍ കൂടിക്കാഴ്ച നടത്തി. .


ഒക്ടോബര്‍ 6 വരെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ പാലാ സബ്ജയിലില്‍ മൂന്നാം നമ്പര്‍ സെല്ലില്‍ രണ്ട് പെറ്റിക്കേസ് പ്രതികള്‍ക്കൊപ്പമാണ് കഴിയുന്നത്. സി ക്ലാസ് ജയില്‍ ആയതിനാല്‍ കട്ടില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബിഷപ്പിന് ലഭിക്കില്ല. 


കന്യാസ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 19നാണ്  ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചു വരുത്തിയത്. തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 


അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 27 ലേയ്ക്ക് മാറ്റി. കൂടാതെ ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ അഭിപ്രായവും കോടതി ആരാഞ്ഞിട്ടുണ്ട്.