തിരുവനന്തപുരം: ഇന്ധനവിലക്കയറ്റംമൂല൦ പ്രതിസന്ധിയിലായ ബസുടമകളുടെ പ്രശ്നത്തില്‍ ഇടപെടുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍. കൂടാതെ, സ്വകാര്യ ബസുടമകളുടെ പരാതികള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഇന്ധനവിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സര്‍വീസ് മുടക്കി ജനത്തെ വലയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. 


കുതിച്ചുയരുന്ന ഇന്ധനവില സാധാരണക്കാര്‍ക്കൊപ്പം ബസുടമകളെയും ബാധിച്ചുതുടങ്ങി. ഇന്ധനവിലക്കയറ്റം വെല്ലുവിളിയായതോടെ നിരവധി ബസുടമകളാണ് തങ്ങളുടെ ബസുകള്‍ നിരത്തിലിറക്കാത്തത്. കൂടാതെ, ഇന്ധനം, സ്‌പെയര്‍ പാര്‍ട്‌സ് അടക്കമുള്ളവയുടെ ചെലവും താങ്ങാനാവാതെ വലയുകയാണ് ബസുടമകള്‍.


സംസ്ഥാനത്തെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കനുസരിച്ച് ചിലവ് താങ്ങാനാവാതെ സര്‍വീസ് നിര്‍ത്തി വച്ചത് ഏകദേശം 200 ഓളം സ്വകാര്യബസ്സുകളാണ്. അതേസമയം, ഇന്ധന വില ഈ രീതിയില്‍ തുടര്‍ന്നാല്‍ 2000 ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസുടമകളുടെ സംഘടനകള്‍ പറയുന്നു.


2015 ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 48 രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 80 രൂപയിലേക്കെത്തി. ഇന്ധന ചെലവില്‍ മാത്രം പ്രതിദിനം 2000 രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നതായും ബസ്സുടമകള്‍ വ്യക്തമാക്കി. 


അതേസമയം ബസ്സുകള്‍ നിര്‍ത്തലാക്കുന്നത് യാത്രാപ്രശ്‌നം രൂക്ഷമാക്കുകയും, ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും വലക്കുകയും ചെയ്യുമെന്നത് മറ്റൊരു വസ്തുത.


എന്നാല്‍ സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 20 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 


തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.23 രൂപയും ഡീസലിന് 79.34 രൂപയുമാണ് വില.