ന്യൂഡല്‍ഹി: ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുട്ടിന്‍റെ കാലഘട്ടത്തിലേക്കാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെവിന്‍റെയുള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ ഇതാണ് തെളിയിക്കുന്നതെന്നും കേരള പോലീസിന് മനോരോഗം ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കെവിന്‍റെ കൊലപാതകത്തില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തണം. കൊല നടത്തിയ പ്രതികള്‍ മാത്രമല്ല പരോക്ഷമായി കൂട്ട് നിന്ന പൊലീസുകാരും കൂട്ടുപ്രതികളാണ്. സര്‍ക്കാര്‍ സമീപനം ആശങ്കാജനകമാണെന്നും ആന്‍റണി പറഞ്ഞു.


പോലീസിന്‍റെ അനാസ്ഥയാണ് കെവിന്‍റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സര്‍ക്കാരും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


കരലത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകളെയാണ്  ഓര്‍മ്മിപ്പിക്കുന്നത്. കേരള സമൂഹത്തിന്‍റെ ജീര്‍ണതയാണ് ഈ സംഭവം വെളിവാക്കുന്നത്. ദുരഭിമാനകൊലയും സദാചാര ഗുണ്ടായിസവും സംസ്ഥാനത്ത് വര്‍ധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.


ജാതി മത വിദ്വേഷം കേരളത്തിലേക്ക് മടങ്ങിയെത്തിരിക്കുന്നു. ഇതിനെതിരെ രാഷ്ട്രീയ കക്ഷികളും സമുദായ നേതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിലെ പോലീസിന്‍റെ പോക്ക് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.