കോഴിക്കോട്: സുപ്രീം കോടതിയുടെ അനുകൂല വിധിയെ തുടര്‍ന്ന് ഹാദിയയും ഷെഫിന്‍ ജഹാനും ഇന്ന് പുലര്‍ച്ചെ കോഴിക്കോടെത്തി. ഇന്നലെ രാത്രിയോടെ സേലത്തെ ശിവരാജ് ഹോമിയോ ആശുപത്രിയില്‍ പോയി ഷെഫിന്‍ ജഹാന്‍ ഹാദിയയെ ഒപ്പം കൂട്ടുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാദിയക്ക് കോളേജ് മൂന്ന് ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. താന്‍ മുസ്ലിമായത് കൊണ്ടല്ലേ ഇത്രയും കോലാഹലം ഉണ്ടായതെന്ന് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. കൂടെ നിന്നാ എല്ലാവര്‍ക്കും പ്രത്യേകിച്ച് പോപ്പുലര്‍ ഫ്രണ്ട് സംഘടനയോടും നന്ദിപറയുകയാണെന്നും ഹാദിയ പറഞ്ഞു. 


ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് എത്തിയ ഹാദിയയും ഷെഫിന്‍ജഹാനും പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ. അബുബക്കറിനെ സന്ദര്‍ശിച്ചു. തനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്നും ഭരണഘടന നല്‍കുന്ന മൗലീകാവകാശമാണ് ഇഷ്ടമുള്ള മതം സ്വീകരിക്കുക എന്നത്. എന്നാല്‍ താന്‍ മതംമാറാന്‍ തയ്യാറായപ്പോള്‍തന്നെ സഹായിച്ചവരെ പോലും പലപ്പോഴും മറ്റ് മുസ്‍ലിം സംഘടനകള്‍ കുറ്റപ്പെടുത്തിയെന്നും. മുസ്ലിം ആയതിന് ശേഷം താന്‍ ആദ്യം മറ്റ് സംഘടനകളെയാണ് സമീപിച്ചത്. അവര്‍ തന്നെ സഹായിക്കാന്‍ തയ്യാറായില്ല. പിന്നെ സഹായിച്ചവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കുറ്റപ്പെടുത്തുന്നവര്‍ എന്തുകൊണ്ട് തന്നെ സഹായിക്കാന്‍ തയ്യാറായില്ല? പുറത്തിരുന്ന് കളി കണ്ടുകൊണ്ട് അങ്ങനെയല്ല ഇങ്ങനെയാണ് വേണ്ടിയിരുന്നതെന്ന് പറയുകയായിരുന്നു മറ്റുള്ളവരെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.


പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നാട്ടില്‍ നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച ഷെഫിന്‍ ജഹാന്‍, നിയമ പോരാട്ടത്തില്‍ ഒപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി രേഖപ്പെടുത്താനാണ് ചെയര്‍മാന്‍ ഇ അബൂബക്കറിനെ സന്ദര്‍ശിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. താനുമായി ബന്ധപ്പെട്ട എന്‍.ഐ.എ കേസില്‍ അന്വേഷണം തുടരട്ടെയന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. തിങ്കളാഴ്ച വിശദമായ വാര്‍ത്താസമ്മേളനം നടത്തുമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.