തിരുവനന്തപുരം: പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് സംസ്ഥനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ എൽഡിഎഫും യുഡിഎഫും മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും ചേർന്ന് നടത്തുന്ന പ്രതിഷേധവും ഡിസംബർ 17ന് നടത്തുന്ന ഹർത്താലും അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് വർഗ്ഗീയ-രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതും രാഷ്ട്ര താൽപര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.


കോൺഗ്രസ്സും സിപിഎമ്മും തീവ്രവാദ സംഘടനകളും ചേർന്ന് നടത്തിയ ഗൂഢാലോചന ഇതോടെ വെളിച്ചതായി. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞ് ജനങ്ങളിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. പൗരത്വബിൽ മുസ്ലിം സഹോദരങ്ങളെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുകയില്ല എന്ന യാഥാർഥ്യം മറച്ചുവെച്ച് പച്ച നുണകൾ പ്രചരിപ്പിച്ച് അനാവശ്യമായ ഭയാശങ്കകൾ ഉണ്ടാക്കുന്നത് പൊതു താൽപര്യത്തിന് ഹാനികരമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


നെഹ്റുവും മൻമോഹൻ സിംഗും പ്രധാനമന്ത്രിയായിരുന്നപ്പോൾ പൗരത്വം സംബന്ധിച്ച് കൈക്കൊണ്ട അതേ നയവും നിലപാടും ആവർത്തിക്കുക മാത്രമേ കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്തിട്ടുള്ളൂ. 1950ൽ പാക്കിസ്ഥാനിൽ നിന്നും സംഘർഷവും പീഡനവും മൂലം ഭാരതത്തിലേക്ക് വന്ന ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് നെഹ്റു ആവശ്യപ്പെട്ടിരുന്നു.


1972ല്‍ ഇന്ദിരാഗാന്ധിയും മുജീബ് റഹ്മാനും ചേർന്ന് ഒപ്പുവെച്ച കരാർ പ്രകാരം ബംഗ്ലാദേശിൽ നിന്നും, ഇന്ത്യയിലെത്തിയ പീഡിതരായ ഹിന്ദുക്കൾക്കും, ബുദ്ധമതസ്ഥര്‍ക്കും, കൂടാതെ, ആ രാജ്യത്തെ മറ്റ് ന്യൂനപക്ഷങ്ങൾക്കും പൗരത്വം നൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.


പൗരത്വ രജിസ്റ്റർ ഉണ്ടാകണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് മോദി സർക്കാർ ചെയ്തിട്ടുള്ളത്. വസ്തുത ഇതായിരിക്കെ മതവികാരം ഇളക്കിവിട്ട് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള കോൺഗ്രസ്- സിപിഎം ശ്രമം തീക്കൊള്ളികൊണ്ട് തല ചൊറിയൽ ആണ്. തീവ്രവാദ ശക്തികളും ഇവരോടൊപ്പം രംഗത്തിറങ്ങിയിരിക്കുന്നത് ആശങ്കാജനകമാണ്. വസ്തുതകൾ മനസ്സിലാക്കി ഹർത്താലിനെതിരെ ജന മനസാക്ഷി ഉണരണം എന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.