തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മൂന്നു ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ്‌ ജാഗ്രത തുടരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍-വയനാട് ബന്ധിപ്പിക്കുന്ന പാല്‍ചുരം റൂട്ടില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.


കാസര്‍കോട് വെള്ളരിക്കുണ്ട് കനപ്പള്ളിയില്‍ വീട് തകര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയില്‍ ഇതുവരെ 120 വീടുകള്‍ പൂര്‍ണ്ണമായും മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. 


വടകര വലിയപള്ളിയില്‍ വെള്ളംകയറിയതിനെതുടര്‍ന്ന് 10 ഇതരസംസ്ഥാന തൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ 90 പേരെ രണ്ടു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇരിട്ടി മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. അയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 


കൊല്ലം ശക്തിക്കുളങ്ങരയില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു ബാക്കി രണ്ടുപേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്.