പമ്പ: ചിത്തിര ആട്ട ആഘോഷത്തിന് ശബരിമല നട ഇന്ന് തുറക്കും. കനത്ത പൊലീസ് കാവലിലാണ് ശബരിമല. 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാരെ സന്നിധാനത്തെത്തിച്ചു. സ്ത്രീകള്‍ കൂടുതല്‍ എത്തിയാല്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ക്രമീകരണം. ശബരിമലയ്ക്ക് 20 കിലോമീറ്റര്‍ അകലെ മുതല്‍ തന്നെ പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്. ഇന്നും നാളെയും മുന്‍പ് എങ്ങുമില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്. ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് വ്യക്തമാക്കി. തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല. തീര്‍ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും.


ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. 


സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്. നിലക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിലാണ് നാളെ അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് പൊലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 


പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പൊലീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും. പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും.


സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച പോലീസ് അവരുടെ സൈബര്‍ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ തടയുകയാണ് ലക്ഷ്യം.  വ്യാപാരകേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, അതിഥിമന്ദിരം, ഡോണര്‍ ഹൗസുകള്‍ എന്നിവിടങ്ങളില്‍ അനാവശ്യമായി ആരെയും തങ്ങാന്‍ അനുവദിക്കില്ല. 


ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. സംശയം തോന്നിയാല്‍ ഉദ്യോഗസ്ഥന് ആളെ വീണ്ടും പരിശോധിക്കാം. അയ്യപ്പന്മാരുടെ വിശ്വാസത്തിന് കോട്ടംവരുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പമ്പയിലേക്കുള്ള നിയന്ത്രണം ഞായറാഴ്ച വൈകീട്ടോടെ പിന്‍വലിച്ചു.