തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്ന് 15 ഐഎസ്‌ തീവ്രവാദികള്‍ ബോട്ട് മാര്‍ഗം ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി കേന്ദ്ര ഇന്റലിജന്‍സിന്‍റെ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് കേരളാ തീരത്ത് കനത്ത ജാഗ്രതപാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

നാവികസേനയും തീരസംരക്ഷണ സേനയും തീരദേശ പൊലീസും കടല്‍പെട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സേനയുടെ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ആഴക്കടലിലും തീരക്കടലിലും പരിശോധനകള്‍ തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വി.കെ. വര്‍ഗീസ് അറിയിച്ചു.


ബോട്ട് പെട്രോളിംഗ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ശ്രീലങ്കയിലെ പള്ളിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനികമേധാവി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.