കോട്ടയം: പി.സി.ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തില്‍ എത്തിയ പോലീസ് സംഘത്തെ കാണാന്‍ കന്യാസ്ത്രീ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് പോലീസ് തിരിച്ചുപോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് പറഞ്ഞു. 


ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ കേരളത്തിൽ വരട്ടെയെന്നുമാണ് ഇക്കാര്യത്തില്‍ പി.സിയുടെ പ്രതികരണം. 
ദേശീയ വനിതാ കമ്മിഷന്‍റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്‍റെ മൂക്ക് ചെത്തുമോയെന്നും ജോർജ് ഇന്നലെ ചോദിച്ചിരുന്നു.


കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോർജ് എംഎൽഎയോടു നേരിട്ടു ഹാജരാകാൻ നിർദേശിച്ച് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചിരുന്നു. 20നു കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. അപമാനകരമായ പരാമർശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മിഷൻ, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജോർജിനെതിരെ സ്വമേധയാ കേസെടുത്തു. 


ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ കേരള പൊലീസും പഞ്ചാബ് സർക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നൽകിയതായും വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.