കൊച്ചി: ജിഷ വധക്കേസ് നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു ‍.കൊലപാതകം നടന്ന ദിവസം  ജിഷ പ്രതിയെന്ന സംശയിക്കുന്നയാളുമായി ഒരുമിച്ച് ജിഷയുടെ വീട്ടിലേക്ക് പോകുന്നതിന്‍റെ നിര്‍ണായക ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുറുപ്പംപടിയിലെ വളംവില്‍പ്പന കടയിലെ സിസിടിവിയിലാണ് ഈ നിര്‍ണായക ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിഷയോടൊപ്പം മഞ്ഞ ഷര്‍ട്ടിട്ട യുവാവ് നടന്നു നീങ്ങുന്നതായാണ് ദൃശ്യങ്ങള്‍. നേരത്തെ ദൃക്‌സാക്ഷികള്‍ മൊഴികളിലും കൊലപാതകിയെന്ന് സംശയിക്കുന്ന  മഞ്ഞ ഷര്‍ട്ടിട്ട  യുവാവ്, 6.30ഓടെ ജിഷയുടെ വീടിനടുത്തുള്ള കനാല്‍ വഴി പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇപ്പോള്‍ കിട്ടിയ സിസിടിവി ദൃശ്യങ്ങളും മൊഴിയെ സാധൂകരിക്കുന്നതാണ്.


കൊലപാതകം നടന്ന ദിവസം അതു വഴി ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പൊലീസ് നേരത്തേ പരിശോധിച്ചിരുന്നു. പിന്നീട് അടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് നിര്‍ണായക തെളിവുകള്‍  പൊലീസിന് ലഭിച്ചത്.  നിര്‍ണായക തെളിവുകള്‍ ഇതുവരെ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.