കോഴിക്കോട്: വട്ടിയൂര്‍ക്കാവിലെ വിജയം എല്‍ഡിഎഫും ആര്‍എസ്എസും ഒത്തുകളിച്ചതിന്‍റെ ഫലമാണെന്ന് കെ.മുരളീധരന്‍ എം.പി.   


COMMERCIAL BREAK
SCROLL TO CONTINUE READING

എന്‍എസ്എസിനെ തള്ളി ആര്‍എസ്എസിനെ പുല്‍കിയതിന്‍റെ താല്‍കാലികമായ വിജയമാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.


ആര്‍എസ്എസിന്റെ വോട്ടുകള്‍ സിപിഎമ്മിലേയ്ക്ക് മറിക്കും എന്ന് താന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ ആ വിവിരം സ്ഥാനാര്‍ത്ഥിക്ക് കിട്ടാതിരുന്നതുകൊണ്ടാകാം അദ്ദേഹം അത് നിഷേധിച്ചതോടെ ജനം അക്കാര്യം ഗൗരവത്തിലെടുത്തില്ലയെന്നും. കുമ്മനം രാജശേഖരന്‍മാറി സുരേഷ് സ്ഥാനാര്‍ഥിയായി വന്നതോടെ ബിജെപി രംഗത്തുനിന്ന് അപ്രത്യക്ഷമായിയെന്നും അദ്ദേഹം പറഞ്ഞു. 


മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പച്ചയായി ജാതി പറഞ്ഞാണ് ഈഴവ കുടുംബങ്ങളില്‍ ചെന്ന് വോട്ട് പിടിച്ചത്. എന്‍എസ്എസ് അല്ല, തങ്ങളാണ് ഇവിടെ തീരുമാനമെടുക്കുന്നതെന്ന് കാണിക്കാന്‍ അവര്‍ സംഘടിതമായി വോട്ട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


എങ്കിലും യുഡിഎഫിനെ തുണച്ചിരുന്ന പരമ്പരാഗത വോട്ടര്‍മാരില്‍ ഒരു മനംമാറ്റം ഉണ്ടായിട്ടുണ്ടെന്നും അക്കാര്യം പരിശോധിച്ച് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.


തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് പ്രശാന്തിനെ ബ്രോ മേയര്‍ എന്ന് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അയച്ചതിന്‍റെ പകുതി സാധനങ്ങളേ ഇക്കൊല്ലം അയച്ചിട്ടുള്ളൂ. അതിന് മേയര്‍ എന്ന നിലയില്‍ കൊടിവീശുക മാത്രമേ പ്രശാന്ത് ചെയ്തിട്ടുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു. 


ചെറുപ്പക്കാരന്‍ സ്ഥാനാര്‍ഥിയായതിന്‍റെ മെച്ചം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ അതൊന്നും ഇത്രയധികം ഭൂരിപക്ഷം ഉണ്ടാക്കാനുള്ള കാരണങ്ങളല്ലയെന്നും അദ്ദേഹം പറഞ്ഞു. 


കോണ്‍ഗ്രസിന്റേത് മികച്ച സ്ഥാനാര്‍ഥി ആയിരുന്നുവെങ്കിലും അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ബന്ധം കുറവായിരുന്നു. ഇതുതന്നെയാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനെ വിജയത്തിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.