പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാമെന്നും ആരും അവരെ തടയാന്‍ പാടില്ലെന്നും കോടതി. മലപ്പുറം പുലമന്തോള്‍ ഗ്രാമകോടതിയാണ് കനകദുര്‍ഗയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരം കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, ഭര്‍ത്താവിന്‍റെ പേരിലുള്ള വീട് വില്‍ക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കഴിയാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.


ഭര്‍തൃമാതാവിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കുടുംബാംഗങ്ങളും എതിര്‍പ്പ് അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയ ആവശ്യം പുലാമന്തോളിലെ ഗ്രാമക്കോടതിയിലേക്ക് അയച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് പുലാമന്തോള്‍ ഗ്രാമക്കോടതിയാണ്.


ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്‍ററില്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്. കേസിൽ തിങ്കളാഴ്ച വാദം പൂർത്തിയായിരുന്നു. ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് നടപടികൾ സ്വീകരിക്കും.


ബിന്ദുവും കനകദുര്‍ഗയും പൊലീസ് സംരക്ഷണത്തിലാണ് ദിവസങ്ങളായി കഴിഞ്ഞിരുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയും ഇവര്‍ക്കു നേരെ ഉണ്ടായിരുന്നു. തുടര്‍ന്ന് കനകദുര്‍ഗ്ഗയും ബിന്ദുവും സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചിരുന്നു.