തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് തിരുവിതാംകൂര്‍ രാജകുടുംബം. വൈകുന്നേരം നടക്കുന്ന കൂടിക്കാഴ്ചയില്‍ അമിക്കസ് ക്യൂറിയെ ഇതുസംബന്ധിച്ചുള്ള നിലപാട് അറിയിക്കുമെന്ന് അശ്വതി തിരുന്നാള്‍ ഗൗരിലക്ഷമിഭായ് വ്യക്തമാക്കി. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽനിന്നു രാജകുടുംബം വിട്ടുനിൽക്കുമെന്നും, എതിര്‍പ്പിന്‍റെ കാരണം കോടതിയെ അറിയിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 


ഇന്ന് രാവിലെ തലസ്ഥാനത്തെത്തിയ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തി. പത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം തിരുവനന്തപുരത്തെത്തിയത്.  വൈകിട്ട് കവടിയാർ കൊട്ടാരത്തിലെത്തി സമവായ ചർച്ച നടത്താനാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്‍റെ തീരുമാനം.