ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി; ചട്ടവിരുദ്ധമെന്ന് രമേശ് ചെന്നിത്തല
ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷത്തിൻ്റെ എതിർപ്പും വിയോജനക്കുറിപ്പും മറികടന്നാണ് ബിൽ പാസാക്കിയത്
തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി.അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതുപ്രവർത്തകൻ പദവി ഒഴിയണമെന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്.ഇത് നിലവിൽ വരുന്നതോടെ മന്ത്രിമാർക്ക് എതിരായ വിധികൾ മുഖ്യമന്ത്രിക്കും എംഎൽഎമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.
ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷത്തിൻ്റെ എതിർപ്പും വിയോജനക്കുറിപ്പും മറികടന്നാണ് ബിൽ പാസാക്കിയത്. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേർത്തത് ചട്ടവിരുദ്ധമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭയ്ക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കുണ്ടെന്ന് പി രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ ക്രമപ്രശ്നം സ്പീക്കർ തള്ളി റൂളിംഗും നടത്തി.
ALSO READ: ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞത് തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം : ദേവസ്വം മന്ത്രി
അതിനിടെ, ചെയറിന്റെ നിർദേശത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവും ചെയറിലിരുന്ന എം.നൗഷാദും തമ്മിൽ തർക്കത്തിലായതോടെ സഭാതലം അൽപ്പനേരത്തേക്ക് ഭരണ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി.സബ്ജ്ക്ട് കമ്മിറ്റിക്ക് വിട്ട ബിൽ സിപിഐയുടെ ഔദ്യോഗിക ഭേദഗതി ഉൾപ്പടെ ചേർത്താണ് ചർച്ചകൾക്ക് ശേഷം സഭ പാസാക്കിയത്. ഇതിനിടയിൽ പുതിയ ഭേദഗതി ചേർത്തത് ചട്ടവിരുദ്ധമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതിന് ശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് ലോകായുക്ത വിധിയിൽ എങ്ങനെ നിയമസഭക്ക് തീരുമാനം എടുക്കാൻ ആകുമെന്ന് ചോദിച്ചു. മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. എക്സിക്യൂട്ടീവിന് മാത്രമല്ല ലെജിസ്ലേറ്റീവിനും ഇപ്പോൾ അധികാരം നൽകി. ലോകായുക്തയുടെ കണ്ടെത്തലിൽ തീരുമാനം എടുക്കലാണോ സഭയുടെ ജോലിയെന്നും സതീശൻ പറഞ്ഞു. 140 പേർ ജഡ്ജിമാരായി മാറുമോയെന്നും വിചിത്രമായ കാര്യമാണിതെന്നും പ്രതിപക്ഷനേതാവ്..
ചരിത്രത്തിലെ കറുത്ത ദിവസമെന്നായിരുന്നു പിന്നീട് ബില്ലിൻമേലുള്ള ചർച്ചയിൽ സംസാരിച്ച രമേശ് ചെന്നിത്തലയുടെ പ്രതികരണം.അഴിമതി വിരുദ്ധതയ്ക്ക് അന്ത്യം കുറിക്കുന്നു. ഒരു ഭരണാധിക്കുമെതിരെ അഴിമതി ആരോപിച്ച് കേസ് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ചെന്നിത്തല.
ലോകായുക്ത ജലീലിനെ സഹായിക്കുകയായിരുന്നുവെന്നായിരുന്നു പിന്നീടുള്ള ചെന്നിത്തലയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷമാണ് ജലീലിനെതിരായ വിധി വന്നത്. ജലീൽ ലോകായുക്തയോട് കടപ്പെടണമെന്നും മുൻ പ്രതിപക്ഷ നേതാവിൻ്റെ പരിഹാസ മറുപടി.ലോകായുക്തയുടെ പല്ലും നഖവും പറിച്ചതിന് മുഖ്യമന്ത്രിയല്ല മറുപടി പറയേണ്ടത്. പകരം യെച്ചൂരിയാണ്. ബില്ലിനെ ശക്തമായി എതിർക്കുന്നുവെന്നും ചെന്നിത്തലയും വി ഡി സതീശനും വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മൂന്നര മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം പ്രതിപക്ഷ എതിർപ്പ് മറികടന്ന് ലോകായുക്ത ബിൽ നിയമസഭ പാസാക്കി. ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമം ആവുകയുള്ളൂ.ഇക്കാര്യത്തിൽ നടപടി എന്താകും എന്നുള്ളത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വൻ ആകാംക്ഷയാണ് ഉണർത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...