ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞത് തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം : ദേവസ്വം മന്ത്രി

 ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 06:22 PM IST
  • ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്തതുമാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
  • കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ എല്‍.ഡി.എഫ് സർക്കാരോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല.
  • ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ പോരാട്ടങ്ങൾ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.
  • ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി.
ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞത് തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം : ദേവസ്വം മന്ത്രി

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ടയർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാര്‍ശത്തിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്തതുമാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ എല്‍.ഡി.എഫ് സർക്കാരോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ പോരാട്ടങ്ങൾ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരുകൾ എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി. 

ALSO READ : Safe project: ഇനിയെല്ലാം 'സേഫ്'... പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് സുരക്ഷിത ഭവനമൊരുക്കാൻ സർക്കാരിന്റെ പുത്തൻ പദ്ധതി

ക്ഷേത്ര വരുമാനം സർക്കാരുകൾ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തിൽ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാം. സഒരു ക്ഷേത്രത്തിന്റേയും വരുമാനം സർക്കാർ ഇതുവരെ കൈയ്യടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോർഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ നല്‍കിവരാറുണ്ട്‌ എന്നതാണ് യാഥാർത്ഥ്യം. പ്രളയവും കോവിഡും ദേവസ്വം ബോർഡുകളുടെ വരുമാനത്തിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും ജീവനക്കാരുടെ ശമ്പളം നൽകാനുമായി സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായും അല്ലാതെയും വിവിധ ദേവസ്വം ബോർഡുകൾക്ക് 2018 മുതല്‍ 2022 വരെ അഞ്ചുവര്‍ഷത്തിനുള്ളില്‍ 449 കോടി രൂപയാണ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു

ശബരിമല മാസ്റ്റർപ്ലാൻ പോലുള്ള ബൃഹത്തായ വികസന പദ്ധതികൾ കാര്യക്ഷമമായി നടത്താനും സുഗമമായ തീർത്ഥാടന സൗകര്യങ്ങൾ ഒരുക്കാനുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടാന്‍ കഴിയുമോ എന്ന ശ്രമമാണ് റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര നടത്തിയത്. സുപ്രീംകോടതിയില്‍ ജഡ്ജി ആയിരുന്നപ്പോള്‍ ജസ്റ്റീസ് ഇന്ദുമല്‍ഹോത്രയുടെ മനസ്സ് എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന് ഇത്തരം പ്രസ്താവനകളില്‍ നിന്നും വ്യക്തമാകുകയാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News