തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം ഓഖി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്കാന്‍ തീരുമാനിച്ച് കേരള മന്ത്രിസഭ. ഓഖി ചുഴലിക്കാറ്റിന്‍റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനഃരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ഫണ്ടില്‍നിന്നും 5 ലക്ഷം രൂപ മന്ത്യബന്ധന വകുപ്പില്‍നിന്നും 5 ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുമാണ് നല്‍കുക. മത്സ്യത്തൊഴിലാളി ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടില്‍നിന്ന് തുക പിന്‍വലിക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്യാന്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. 


 20 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് നല്‍കും. മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അവിവാഹിതരായ സഹോദരിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വിവാഹ ആവശ്യത്തിനായി 5 ലക്ഷം  രൂപ നല്‍കും. കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ തുക ധനസഹായമായി നല്‍കുന്ന 20 ലക്ഷം രൂപയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുക. ദുരിത ബാധിതര്‍ സഹായത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരില്ല. എത്രയും പെട്ടെന്നു നടപടിയാക്കും. 


പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് എത്രയും പെട്ടന്ന് ലഭ്യമാക്കും. ജോലിയ്ക്ക് പോകാന്‍ കഴിയാതെ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്‍റെ ശുപാര്‍ശ പ്രകാരം സഹായധനം പെട്ടന്ന് നല്‍കും. ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് തൊഴിലെടുക്കാന്‍ കഴിയാതായവര്‍ക്ക് ബദല്‍ ജീവിത ഉപാദിയായി 5 ലക്ഷം രൂപ നല്‍കും. പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സ തേടിയ എല്ലാവര്‍ക്കും 20000 രൂപ നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. നിലവില്‍ ആശുപത്രിയില്‍ ഉള്ളവര്‍ക്കും ആശുപത്രി വിട്ടവര്‍ക്കും ഈ സഹായധനം വിതരണം ചെയ്യും.