Walayar Case: രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ചു, വാളയാര്‍ കേസ് CBI അന്വേഷിക്കും
വാളയാര്‍ പീഡനക്കേസ് CBIയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസ് CBIയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം.
വാളയാര്‍ കേസില്‍ ഹൈക്കോടതി (High Court) വിധിയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ല എങ്കിലും കേസ് സിബിഐക്ക് കൈമാറണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് (Pinarayi Vijayan) നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ നടപടിയെന്നോണമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
കേസ് സിബിഐയ്ക്ക് (CBI) കൈമാറുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഉടന്‍ നല്‍കും.
കേസ് കേരള പോലീസ് (Kerala Police) അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും, കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മാതാവ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വാളയാര്‍ കേസ് സമര സമിതി നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം, ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താലേ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, പീഡന കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച അപ്പീലിലായിരുന്നു ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നടപടി.
വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബറിലാണ് പോക്സോ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തിരുന്നു.
Also read: Walayar Case: പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദ് ചെയ്തു
2017ലാണ് വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത സംഭവം നടന്നത്. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസ് സിബിഐക്ക് വിടുന്നതോടെ വിവാദങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്ന വിശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക