തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെതിരെ നടത്താനിരിക്കുന്ന പ്രക്ഷോഭത്തിന്‍റെ പാതകള്‍ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


രാഷ്ട്രീയ ഭേദമന്യേ കേരള നിയമസഭ ഈ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കുകയും ശേഷം യോജിച്ച പ്രക്ഷോഭത്തിനും തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പക്ഷെ ചില സങ്കുചിത മനസ്സുള്ളവര്‍ സമരത്തെ എതിര്‍ത്ത് മുന്നോട്ടു വരുകയും ആ എതിര്‍പ്പില്‍ പ്രതിപക്ഷ നേതാവ് പെട്ടുപോയെന്നും ഇപ്പോള്‍ അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


എന്നാലും കേരളം ഒറ്റക്കെട്ടായിതന്നെ കേന്ദ്ര സര്‍ക്കാരിന്‍റെയും ആര്‍എസ്എസിന്‍റെയും ഈ ഗൂഢലക്ഷ്യത്തിനെതിരെ അണിനിരക്കണമെന്നും മുഖ്യന്‍ പറഞ്ഞു. 


തൃശൂരില്‍ ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പിണറായി ഇപ്രകാരം പറഞ്ഞത്. 


ദേശീയ ജനസംഖ്യാ രജിസ്റ്ററുണ്ടാക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ കണക്കെടുപ്പ് നടത്തുമെന്ന്‍ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പൗരത്വ നിയമത്തില്‍ കേരളത്തിലെ ജനങ്ങള്‍ വ്യാകുലരാകേണ്ടതില്ലെന്നും ഇതൊന്നും കേരളത്തില്‍ നടക്കില്ലെന്നും അറിയിച്ചു.


ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.