തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഹൈക്കോടതിയുടെ കടുത്ത വിമർശനം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും കടുത്ത സമ്മർദ്ദത്തിലാണ്.  കോടതി ഉത്തരവ് ലഭിച്ചശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വെക്കുമെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എൻസിപി പ്രസിഡണ്ട് പീതാംബരൻ മാസ്റ്ററും തോമസ് ചാണ്ടിക്കൊപ്പം രാവിലെ 8 മണിയോടെ  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.കോടതിയിലെ പ്രഹരത്തിൽ ചാണ്ടിമാത്രമല്ല മുഖ്യമന്ത്രിയും സമ്മർദ്ദത്തിലാണ്. ഗതാഗതമന്ത്രി രാജിയുടെ വക്കിലെത്തി നിൽക്കെ എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിലാണ്. എൽഡിഎഫ് നേരത്തെ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരുന്നു. എൻസിപിയും ചാണ്ടിയും മുഖ്യമന്ത്രി പറയട്ടെ എന്ന നിലപാടിൽ ഉറച്ചുനില്‍ക്കുന്നു. സിപിഐ അടക്കമുള്ള ഘടകക്ഷികളും പിണറായിയുടെ തീരുമാനം കാത്തിരിക്കുന്നു. കേന്ദ്ര നേതാക്കൾ വരട്ടെ, സുപ്രീം കോടതിയിൽ അപ്പീൽ എന്നൊക്കെയുള്ള തൊടുന്യായങ്ങളുളുണ്ടെങ്കിലും ഇനിയും ചാണ്ടിയെ ചുമക്കനാകാത്ത സ്ഥിതിയിലാണ്സർക്കാറും എൽഡിഎഫും. ഇത്രയൊക്കെയായിട്ടും നിർണ്ണായക തീരുമാനം എടുക്കാത്ത മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിൽ സിപിഐ അടക്കമുള്ള കക്ഷികൾക്കും കടുത്ത അതൃപ്തിയുണ്ട്. കൂട്ടുത്തരവാദിത്വമില്ലായ്മയെന്ന കോടതി പരാമർശം വന്ന സാഹചര്യത്തിൽ ചാണ്ടി രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ എന്നും വ്യക്തമല്ല. അതിന് മുമ്പെ ചാണ്ടി മുഖ്യമന്ത്രിയെ കാണാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കുമെന്ന് തോമസ് ചാണ്ടി  നിലപാട് വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുടെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിലും രാഷ്ട്രീയ ചർച്ചകൾ സജീവമായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, എ കെ ബാലൻ എന്നിവർക്കൊപ്പമാണ് തോമസ് ചാണ്ടി തിരുവനന്തപുരത്ത് എത്തിയത്.


ഒരു ദിവസം നീണ്ട നാടകീയ കോടതി നടപടികൾക്കൊടുവിൽ രാഷ്ട്രീയ ഭാവിയിൽ അന്തിമ തീരുമാനം എടുക്കാനായിരുന്നു മന്ത്രി തോമസ് ചാണ്ടിയുടെ തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര. യാത്രക്കാരെല്ലാം വിമാനത്തിൽ കയറിയ ശേഷമാണ് തോമസ് ചാണ്ടി എത്തിയത്. ബിസിനസ് ക്ലാസിൽ ചാണ്ടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്നത് സിപിഎം എംപി എ സമ്പത്ത്. അൽപസമയത്തിനകം മന്ത്രിമാരായ തോമസ് ഐസകും എ കെ ബാലനും എത്തി. നേതാക്കൾ എല്ലാവരും ചാണ്ടിയ്ക്ക് സമീപം എത്തി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ചർച്ചയിലും ക്യാബിനറ്റ് യോഗത്തിലും നടക്കുന്ന കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന. ഹൈക്കോടതി വിധി എതിരല്ലെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. കളക്ടറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ കോടതി തള്ളിയെന്നും ചാണ്ടി വിലയിരുത്തുന്നു. ഇത് പിടിവള്ളിയാക്കി രാജി ഒഴിവാക്കാണ് ചാണ്ടിയുടെ ശ്രമം. ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അനുകൂലമാക്കാനും ശ്രമങ്ങൾ നടക്കുന്നു. രാത്രി തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. രാജി ഇനിയും നീട്ടിയാലുള്ള സിപിഐയുടെ നീക്കങ്ങളും പ്രധാനമാണ്. ഇന്നത്തെ അന്തിമരാഷ്ട്രീയ നീക്കങ്ങളോടെ ഗതാഗതമന്ത്രി രാജിവെക്കാനാണ് സാധ്യത.