കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന് ജാമ്യം ലഭിച്ചത് നിരന്തര നിയമപോരാട്ടങ്ങളിലൂടെയാണ്. വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമായി അഞ്ച് തവണയാണ് ദിലീപ് ജാമ്യം തേടിയെത്തിയത്. ഏറ്റവും ഒടുവില്‍ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജയിലിലായ ആദ്യഘട്ടത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ആയിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍. 'ചരിത്രത്തിലെ ആദ്യ മാനഭംഗ ക്വട്ടേഷന്‍' എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ തന്നെ ദിലീപിന് കോടതി ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് നിര്‍ണ്ണായക തെളിവുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചപ്പോള്‍ ജാമ്യ സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയായിരുന്നു.


തുടര്‍ച്ചയായ ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ അഡ്വ. രാംകുമാറിനെ മാറ്റി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ രാമന്‍പിള്ള ദിലീപിന്‍റെ വക്കാലത്ത് ഏറ്റെടുത്തു. വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഒടുവില്‍ രണ്ട് തവണ അപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചില്‍ അഞ്ചാമതും സമര്‍പ്പിച്ച ജാമ്യഹര്‍ജി ഫലം കാണുകയായിരുന്നു.


കേസില്‍ ഈയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ കേസില്‍ വിചാരണ നീളാന്‍ സാദ്ധ്യത ഉണ്ടെന്നും സൂചനകള്‍ ഉണ്ട്. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട നിരവധിക്കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഇവയെല്ലാം തീര്‍പ്പാക്കിയതിനുശേഷം മാത്രമേ ഈ കേസില്‍ കോടതി വാദം കേള്‍ക്കാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കണം. ഇതിനുള്ള സാദ്ധ്യതകള്‍ എത്രത്തോളമുണ്ടെന്ന് ഇനി വരും ദിവസങ്ങളില്‍ കേരളം കാണും.


കേസിന്‍റെ നാൾ വഴികള്‍


2017 ഫെബ്രുവരി 17: അങ്കമാലി അത്താണിക്കു സമീപം പ്രമുഖ യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തതായി കേസ്.


ഫെബ്രുവരി 21: നടൻ ദിലീപിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.


ഫെബ്രുവരി 23: മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി), തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയിൽനിന്നു നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.


ഏപ്രിൽ 20: വിഷ്ണു എന്നയാൾ വിളിച്ച് സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് നടൻ ദിലീപ് ഡിജിപിക്ക് പരാതി നൽകി.


ജൂൺ 25: ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കത്ത് എഴുതിയതായി സുനി അന്വേഷണസംഘത്തിനു മൊഴി നൽകി.


ജൂൺ 28: പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ദിലീപ്, നാദിർഷ, ദിലീപിന്‍റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ ചോദ്യം ചെയ്തു.


ജൂലൈ 02: ദിലീപ് നായകനായി അഭിനയിച്ച രാമലീലയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുഖ്യപ്രതി പൾസർ സുനി എത്തിയതായി പൊലീസിന് തെളിവു ലഭിച്ചു.


ജൂലൈ 10: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നു.