കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്. പ്രതികളെ സഹായിച്ചുവന്നതിന്‍റെ പേരില്‍ അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന കേസിൽ റിമാൻഡിലായ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യംഅനുവദിച്ചത്. ഇവര്‍ക്കെതിരെ കേസില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തലുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.


പൊലീസുകാർക്ക് ജാമ്യം അനുവദിച്ചത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടും.  പാസ് പോർട്ട് സറണ്ടർ ചെയ്യണമെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമുള്ള ഉപാധിയിലാണ് ജാമ്യം ലഭിച്ചത്.


കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കോട്ടയം എസ്.പി ഹരിശങ്കറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നാണ് അറിയുന്നത്. പോലീസുകാര്‍ നല്‍കുന്ന നടപടി തൃപ്തികരമല്ലെങ്കില്‍ പിരിച്ചുവിടല്‍ അടക്കമുള്ള നടപടിയുണ്ടാവും.