കോട്ടയം: കെവിൻ വധക്കേസിൽ ഭാര്യ നീനുവിന്‍റെ പിതാവ് ചാക്കോയെ പ്രതിചേർത്തു. കേസിൽ ആകെ 14 പ്രതികളുണ്ടെന്ന് അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി വിജയ് സാഖര്‍ മാധ്യമങ്ങളെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലപാതകം ആസൂത്രണം ചെയ്തതിൽ ചാക്കോക്ക് പ്രധാന പങ്കുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘ൦ ചാക്കോയെ പ്രതി ചേര്‍ത്തത്. ചാക്കോയ്ക്ക് ഒപ്പം നീനുവിന്‍റെ അമ്മ രഹനയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കെവിനെ അക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തത് ചാക്കോയുടെയും രഹനയുടെയും നിർദേശ പ്രകാരമാണെന്ന് പൊലീസ് പറ‍‍യുന്നു. 


മാതാപിതാക്കളുടെ അറിവില്ലാതെ സഹോദരൻ ഷാനുവും സംഘവും കെവിനെ കൊലപ്പെടുത്താൻ സാധ്യതയില്ലെന്ന് നീനുവും മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, നിയാസ് കെവിനെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു വ്യക്തമാക്കി. 


അതേസമയം, കെവിനേ തട്ടിക്കൊണ്ട് പോയ കാര്‍ ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ നേതാവും നീനുവിന്‍റെ ബന്ധുവുമായ നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇവരെക്കൂടാതെ സംഘത്തിലുണ്ടായിരുന്ന ഇഷാനും കസ്റ്റഡിയിലുണ്ട്. മുഖ്യപ്രതിയും നീനുവിന്‍റെ സഹോദരനുമായ ഷാനു, റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.


നിനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി നിനുവിന്‍റെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെ നിനു കെവിനോപ്പം ഇറങ്ങി പോകുകയായിരുന്നു. 


നിനുവിനെ കാണാനില്ലയെന്ന ബന്ധുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസിന്‍റെ നിർദേശപ്രകാരം നിനുവിനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് നിനു അറിയിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നിനുവിനെ പോലീസിന്‍റെ മുന്നില്‍ വച്ച് മര്‍ദിക്കുകയും ചെയ്തിരുന്നു. പിന്നീട് നിനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, കെവിന്‍ മാന്നാനത്ത് ബന്ധുവായ അനീഷിന്‍റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 


കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സംഘം വീടാക്രമിച്ചു കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. അനീഷിനെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം കെവിനെ കടത്തുകയായിരുന്നു. കെവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും പൊലീസ് കാര്യം അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തിങ്കളാഴ്ച രാവിലെയാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെടുത്തത്.