തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പുമായിരുന്നു യോഗത്തിന്‍റെ  മുഖ്യ ചർച്ചാവിഷയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണയായി. അടുത്ത മാസം അഞ്ചിന് മുന്‍പ് കെപിസിസി പുന:സംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചിരിക്കുന്നത്.


അതേസമയം തിരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ഒരു വീതം വെയ്പ്പായി മാറരുതെന്നും, കഴിവും അനുഭവ പരിചയവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി മുന്‍പ്രസിഡന്റ് വിഎം.സുധീരന്‍ വ്യക്തമാക്കി. 
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ അത് പാര്‍ട്ടിയെ സര്‍വ നാശത്തിലേക്കായിരിക്കും നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.


ഇതിനിടെ പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയില്‍ ഷാനിമോള്‍ ഉസ്മാനും പി.സി.ചാക്കോയും ഉന്നയിച്ചു.


മുരളീധരന്‍ തന്‍റെ മറുപടിയില്‍, താന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് സ്ഥാനമേറ്റെടുക്കാനും ഉമ്മന്‍ചാണ്ടി അനുയോജ്യനാണെന്ന് മാത്രമാണ് പറഞ്ഞതെന്നും വിശദീകരിച്ചു. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.