തിരുവനന്തപുരം: കെഎസ്‌ഇബി ഇന്ന് ഉന്നതതലയോഗം ചേരും. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പ്രതീക്ഷിച്ച മഴ കിട്ടാതിരുന്നതിനാല്‍, കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനായിരുന്നു കെഎസ്‌ഇബിയുടെ ശ്രമം. എന്നാല്‍ നിലവിലെ വൈദ്യുതി ലൈനുകള്‍ ഇതിന് പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമായി വരുന്നത്. 


അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്‍റെ മൂന്നില്‍ ഒന്ന് മാത്രമാണ് ജലവൈദ്യുത പദ്ധതികളില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്. ഈ മാസം മുപ്പത് വരെ ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്‌ഇബിയുടെ കണക്കൂട്ടല്‍.


അതിനുള്ളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ 30ന് ശേഷം തീരുമാനമെടുക്കുമെന്നാണ് സൂചന. 


വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലാണ് യോഗം.