തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയെ തള്ളാതെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഈ വിഷയത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കുമ്മനം തന്‍റെ നിലപാട് വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സരോജ് പാണ്ഡെ എന്താണ് പറഞ്ഞതെന്ന് തനിക്ക് വ്യക്തമായി അറിയില്ല. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളിൽ സമാധാനം പറയേണ്ടത് സിപിഎം ആണ്. ഇനിയൊരു അക്രമം ഉണ്ടായാൽ തിരിച്ചടിക്കുമെന്നാണ് സരോജ് പാണ്ഡെ ഉദ്ദേശിച്ചതെന്നും അതുണ്ടാകാതെ നോക്കേണ്ടത് അക്രമം നടത്തുന്ന സിപിഎം ആണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.


കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും ലോക് സഭാ മുന്‍ എംപിയുമായ സരോജ് പാണ്ഡെ വെല്ലുവിളിച്ചിരുന്നു. കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അവര്‍ ഇങ്ങനെ പറഞ്ഞത്.


രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ബിജെപിയാണ്. തങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. മാത്രമല്ല സിപിഐഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ബിജെപി ജനരക്ഷാ യാത്ര നടത്തുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ റാലി കേരളത്തിന്‍റെ ഭാവി മാറ്റിയെഴുതുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി. ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് കേരളവും ബംഗാളും ഭരണം നടത്തണമെന്നും പാണ്ഡെ റായ്പൂരില്‍ പറഞ്ഞിരുന്നു.