തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് കേരളത്തിലെ മുന്നണികള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. 


ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു. എറണാകുളത്ത് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ നിലപാട് അറിയിക്കും. 


ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗത്തിൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനമുണ്ടായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു ജില്ലാ കമ്മിറ്റി അഭിപ്രായം തേടിയത്. 


കുമ്മനം രാജശേഖരന് പുറമെ ബിജെപി ജില്ലാ അധ്യക്ഷൻ എസ്. സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി രാജേഷ് എന്നിവരുടെ പേരുകളാണ് ബിജെപി സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉയർന്നു കേൾക്കുന്നത്.


ഇതിനിടയില്‍ പാര്‍ട്ടി പറയുകയാണെങ്കില്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എന്‍.പീതാംബരക്കുറുപ്പ് വ്യക്തമാക്കി. 


പീതാംബരക്കുറുപ്പിനെ കൂടാതെ പത്മജ വേണുഗോപാല്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയവരുടെ പേരുകളാണ് വട്ടിയൂര്‍കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.


എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. 


താന്‍ ഒഴിഞ്ഞ ഉടനെ തന്‍റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ മുരളീധരന്‍ പറഞ്ഞു. 


ഇടത് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. കെ.എസ്.സുനില്‍ കുമാര്‍, വി.കെ.പ്രശാന്ത്, ടി.എന്‍.സീമ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന.