ഇടുക്കിയിൽ അതിഥി തൊഴിലാളികൾക്കിടയിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 9 ആയി
അതിഥി തൊഴിലാളികൾക്കിടയിൽ കുഷ്ഠം, മന്ത്, ഡെങ്കിപ്പനി തുടങ്ങിയ അസുഖങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനാൽ ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്.
ഇടുക്കി: അതിഥി തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം റിപ്പോർട്ടു ചെയ്തു. നെടുങ്കണ്ടം പട്ടം കോളനി സർക്കാർ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപതായി. രോഗിയുമായി അടുത്ത് ഇടപഴകിയിരുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. രോഗലക്ഷണം കണ്ടെത്തിയ ഒരാൾ തുടർചികിത്സകൾക്ക് വിധേയനാകാതെ ജാർഖണ്ഡിലേക്ക് കടന്നു.
നെടുങ്കണ്ടം പട്ടം കോളനി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയ ബിഹാർ സ്വദേശിക്കാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കുഴിത്തൊളുവിൽ 22 കാരിയായ ഇതരസംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിപ്പോൾ ചികിത്സയിലാണ്. ഇവർക്കൊപ്പം രോഗ ലക്ഷണങ്ങളുള്ള മറ്റൊരാളെയും കണ്ടെത്തിയിരുന്നെങ്കിലും തുടർപരിശോധനക്ക് വിധേയനാകാതെ ഇയാൾ ജാർഖണ്ഡിലേക്ക് കടന്നു. ജില്ലയിൽ ഇതുവരെ ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ആറു പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്.
രോഗാണു ശരീരത്തിലെത്തിയാൽ രോഗലക്ഷണങ്ങൾ കാണിക്കാൻ അഞ്ചു വർഷം വരെ സമയമെടുക്കാറുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കുഷ്ഠം, മന്ത്, ഡെങ്കിപ്പനി എന്നിവ തുടർച്ചയായി റിപ്പോർട്ടു ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി. കരുണപുരം ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ തൊഴിലാളികളുടെ വിവരശേഖരണവും ആരംഭിച്ചു.
രോഗബാധ സ്ഥിരീകരിച്ച സ്ഥലത്തെ തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി മേഖലയ്ക്കൊപ്പം തൊഴിലാളികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങളിലും ക്യാമ്പുകൾ നടത്തും. അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...