പറവൂര്‍: കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മുപ്പത്തിയൊന്‍പതുകാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ കോടതിയാണ് കാക്കനാട് സ്വദേശി സജിതയെ ശിക്ഷിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2011 ഫെബ്രുവരിയിലാണ് ഭര്‍ത്താവ് പോള് വര്‍ഗീസിനെ സജിത ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയ ശേഷം സജിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.


മരണം ഉറപ്പാക്കിയ ശേഷം ബന്ധുക്കളോട് പോള്‍ വര്‍ഗീസ് തൂങ്ങി മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതോടെയാണ് സജിത പിടിയിലായത്. കാമുകന്‍ ടിസണ്‍ കുരുവിളയോടൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സജിതയുടെ കുറ്റസമ്മതം. 


ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും നിര്‍ണായകമായി. യുകെയില്‍ സെയില്‍സ്മാനായിരുന്ന ടിസണുമായി ഫോണിലൂടെയാണ് സജിത സൗഹൃദത്തിലായത്.


കേസില്‍ കാമുകനെ രണ്ടാം പ്രതി ആക്കിയെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. എന്നാല്‍, തെളിവ് നശിപ്പിക്കാനും കൊലപാതകം ആത്മഹത്യയാക്കാനും സജിത ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് സജിതയെ കുറ്റക്കാരിയെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.


പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിട്ടുണ്ട്.