തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്നതിന് കോണ്‍ഗ്രസ് തെളിവ് പുറത്തുവിട്ട സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണം ശരിയെങ്കില്‍ അത് വളരെ ഗൗരവമുള്ള കാര്യമാണെന്നും ദൃശ്യത്തിന്‍റെ ഉറവിടവും വിശ്വാസ്യതയും കള്ളവോട്ട് ചെയ്‌തെന്ന് പുറത്ത് വന്ന വിവരങ്ങള്‍ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു.


ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചോ എന്നു പരിശോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഉദ്യോഗസ്ഥർ അറിയാതെ കള്ള വോട്ട് നടക്കാൻ സാധ്യത ഇല്ലയെന്നും ഇന്ന് തന്നെ റിപ്പോർട്ട് കിട്ടണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് നടന്ന ബൂത്തിൽ ഉണ്ടായിരുന്ന ബൂത്ത് ഏജന്‍റുമാരും കുറ്റക്കാരാകും. 


കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. 


വെറും ആരോപണം മാത്രമല്ല ഇതിന്‍റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്‌. ജനപ്രതിനിധികള്‍, മുന്‍പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി, വ്യവസായി പ്രതിനിധികള്‍ അങ്ങനെ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നല്‍കിയെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.