തിരുവനന്തപുരം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്!!


COMMERCIAL BREAK
SCROLL TO CONTINUE READING

വോട്ടെടുപ്പിന് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. നാളെ രാവിലെ ഏഴു മണി മുതല്‍ 6 മണിവരെയാണ് വോട്ടെടുപ്പ്. 


തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. സ്ട്രോ൦ഗ് റൂമിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു. 


രാവിലെ 9 മണി മുതലാണ് പല വിതരണ കേന്ദ്രങ്ങളിലെയും സ്ട്രോ൦ഗ് റൂമുകള്‍ തുറന്നത്. വോട്ടർപട്ടികയും അനുബന്ധ രേഖളും കൈപ്പറ്റിയ പോളിംഗ് ഓഫീസർമാർ സ്ട്രോംഗ് റൂമിൽ നിന്ന് വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനും വാങ്ങി ബൂത്തുകളിലേക്ക് തിരിച്ചു. ഉച്ചയോടെ വോട്ടിംഗ് മെഷീനിന്‍റെ വിതരണം പൂർത്തിയാക്കി. വൈകുന്നേരത്തോടെ വോട്ടിംഗ് മെഷീനുകളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തി. 


ഹരിത ചട്ടം പാലിച്ചുള്ള തിരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മീഷന്‍റെ നിർദ്ദേശം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ ബൂത്തുകളിൽ പാടില്ലെന്ന് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപാർട്ടികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാല്‍ തുണി സഞ്ചിയിലാണ് ഇക്കുറി വോട്ടിംഗ് രേഖകളെല്ലാം ഉദ്യോഗസ്ഥർക്ക് കൈമാറിയത്. 


2,61,51,534 പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. നാളെ വൈകുന്നേരം വോട്ടെടുപ്പ് പൂർത്തിയാക്കി സീൽ ചെയ്ത മെഷീനുകള്‍ ഉദ്യോഗസ്ഥർ തിരിച്ച് സ്ട്രോ൦ഗ് റൂമുകളിൽ എത്തിക്കണം. 257 സ്ട്രോ൦ഗ് റൂമുകള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
 
സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കേ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പൊലീസുകാരും അർദ്ധസൈനികരും അടക്കം അരലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടെടുപ്പിനായി സജ്ജമായി. ഏറ്റവും അധികം പ്രശ്നബാധിത ബൂത്തുകൾ കണ്ണൂർ മണ്ഡലത്തിലാണ്. 


ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു. പ്രശ്നബാധിത മേഖലകളില്‍ റിസര്‍വില്‍ ഉള്ള പൊലീസ് സംഘങ്ങളെ പോളിംഗ് ബൂത്തിന് സമീപം റോന്ത് ചുറ്റാന്‍ നിയോഗിക്കുമെന്നും ഡിജിപി പറഞ്ഞു. കൂടാതെ,  
തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശനനടപടി സ്വീകരിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.